Tuesday, April 15, 2025
National

കലാപശ്രമത്തിന് കേസെടുത്ത് പൊലീസ്; ജന്തർ മന്തറിൽ സമരം തുടരുമെന്ന് ​ഗുസ്തി താരങ്ങൾ

രാജ്യതലസ്ഥാനത്ത് ഗുസ്തി താരങ്ങൾ ദേശീയപതാകയേന്തി നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇന്നലെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ ജന്തർ മന്തറിലെത്തി വീണ്ടും സത്യാഗ്രഹം ഇരിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കി. ഗുസ്തി താരങ്ങൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കലാപശ്രമം,നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവ പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തി.

അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ഗുസ്തി താരം ബജ്‌റംഗ് പുനിയയെ രാത്രി ഏറെ വൈകി വിട്ടയയച്ചു. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തത് നിർഭാഗ്യകരമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനാധിപത്യത്തെ പരസ്യമായി കൊല്ലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു. സംഘർഷത്തിലേക്ക് നയിച്ചത് പൊലീസാണെന്നും സാക്ഷി കുറ്റപ്പെടുത്തി. വനിതാ ഗുസ്തി താരങ്ങളെ പൊലീസ് നേരത്തേ വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *