വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യ തന്നെ മുഖ്യൻ; ഡി.കെ ശിവകുമാറിന് ജലസേചനം
കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ ഡി കെയ്ക്ക് ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകളാണ് നൽകിരിക്കുന്നത്. സിദ്ധരാമയ്യയുടെ നിർദേശങ്ങൾക്കാണ് വകുപ്പ് വിഭജനത്തിലും ഹൈക്കമാൻഡ് പ്രാധാന്യം കൽപ്പിച്ചത്.
ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി. മലയാളിയായ കെ ജി ജോർജിന് ഊർജവകുപ്പും നൽകി.
മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്തവണയും ശിവകുമാറിനെ മറികടന്ന് മന്ത്രിസഭാ രൂപീകരണത്തിൽ സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.
കർണാടകയിലെ കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ അരങ്ങേറിയിരുന്നു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മന്ത്രിസഭയിലേയ്ക്ക് തങ്ങളുടെ അനുയായികളെ തിരുകി കയറ്റുവാൻ ശ്രമിച്ചത് കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു. ആകെ 42 പേരുടെ പട്ടികയാണ് സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് കോൺഗ്രസ് നേതൃത്വത്തിന് സമർപ്പിച്ചത്. ബുധനാഴ്ച്ച ഡൽഹിയിലെത്തിയ സിദ്ധരാമയ്യയും ശിവകുമാറും രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വിശ്വസ്തർ യഥാക്രമം കർണ്ണാടക ഭവനിലും ഡി.കെ സുരേഷ് എം പിയുടെയും വസതിയിൽ യോഗം ചേർന്ന് തന്ത്രങ്ങൾ മെനയുകയായിരുന്നു.