‘രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയം’; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാനിയ മിർസ. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ്. പല കുറി രാജ്യത്തിനുവേണ്ടി വിജയം നേടിയ താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ പ്രതികരിച്ചു.
ഇതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്രയും രംഗത്തുവന്നു. കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയത് വേദനിപ്പിക്കുന്നുവെന്ന് നീരജ് ചോപ്ര പറഞ്ഞു. നിഷ്പക്ഷവും സുതാര്യവുമായി വിഷയം കൈകാര്യം ചെയ്യണം. നീതി ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് നീരജ് ചോപ്ര ആവശ്യപ്പെട്ടു.
ഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് പറഞ്ഞ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷക്കെതിരെ ഗുസ്തി താരങ്ങൾ രംഗത്തുവന്നിരുന്നു. വനിത താരമായിട്ടും തങ്ങളെ കേൾക്കാൻ പി ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. അച്ചടക്ക ലംഘനം ഉണ്ടായിട്ടില്ല,സമാധാനപരമായി പ്രതിഷേധിക്കുന്നു.സ്വന്തം അക്കാദമിയെ കുറിച്ച് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലിരുന്ന് കരഞ്ഞയാളാണ് പി ടി ഉഷ.മൂന്ന് മാസമായി നീതിക്കായി പോരാടുന്നു എന്ന് വിനേഷ് ഫോഗട്ട് വ്യക്തമാക്കി. എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.