Monday, April 14, 2025
National

കോൺഗ്രസ് പ്രതിസന്ധി: സോണിയ- ആന്റണി കൂടിക്കാഴ്ച ഉടൻ, അശോക് ഗെലോട്ടും ദില്ലിയിലേക്ക് 

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എ.കെ.ആന്‍റണി ദില്ലിയില്‍. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്റണി കൂടിക്കാഴ്ച നടത്തും. ഇതിനിടെ, രാജസ്ഥാനിലെ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെ ഗെലോട്ടും ദില്ലിയിലെത്തി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡ് നീക്കത്തിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്ത നടപടികള്‍ ആലോചിക്കുകയാണ് ഹൈക്കമാൻഡ്. ഇതിന്‍റെ ഭാഗമായാണ് എ.കെ. ആന്റണിയെ വിളിച്ചു വരുത്തിയത്. വിശ്വസ്തന്‍റെ ഭാഗത്ത് നിന്ന് അപ്രതീക്ഷിതമായുണ്ടായ നീക്കം ഗെലോട്ടിന്റെ മേലുള്ള ഗാന്ധി കുടുബത്തിന്‍റെ വിശ്വാസത്തിന് ഇടിവ് വരുത്തിയിട്ടുണ്ട്. ഗെലോട്ടുമായുള്ള ആശയവിനിമയം പൂര്‍ണമായും അടഞ്ഞിട്ടില്ലെങ്കിലും മറ്റ് വഴികള്‍ കൂടി തേടുകയാണ് നേതൃത്വം. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എ.കെ.ആന്റണി നിർദേശിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ആന്‍റണി തയ്യാറായില്ല.

രാജസ്ഥാനിലെ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഇന്ന് ദില്ലിയിലെത്തുന്നുണ്ട്. എന്നാൽ ഗെലോട്ടിനെ കാണാൻ സോണിയാ ഗാന്ധി തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. യാത്രയ്ക്ക് മുന്നോടിയായി ഗെലോട്ട് സംസ്ഥാനത്തെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കമല്‍നാഥ്, അംബിക സോണി എന്നിവർ നേരത്തെ ഗെലോട്ടുമായി സംസാരിച്ചിരുന്നു. ഇതും ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പൂർണമായും തള്ളിയിട്ടില്ല എന്ന സൂചനയാണ് നല്‍കുന്നത്. ഇതിനിടെ ഗെലോട്ടിനെ  വിമർശിച്ച് ഛത്തീസ്‍ഗഡിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ടി.എസ്.സിങ് ദേവ് രംഗത്തെത്തി. എംഎല്‍എമാരെ നിയന്ത്രിക്കാൻ കഴിയാത്ത ആള്‍ എങ്ങനെ പാര്‍ട്ടിയെ എങ്ങനെ നയിക്കുമെന്നായിരുന്നു വിമർശനം. അതേസമയം നേരത്തെ ദില്ലിയിലെത്തിയ സച്ചിന്‍ പൈലറ്റ് ഹൈക്കമാൻഡുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
 

Leave a Reply

Your email address will not be published. Required fields are marked *