Saturday, October 19, 2024
National

അഭ്യൂഹങ്ങള്‍ക്കിടെ ഒരു മണിക്കൂർ നീണ്ട തരൂര്‍-സോണിയ കൂടിക്കാഴ്ച, അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവും ചർച്ചയിൽ

ദില്ലി : കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എംപി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലി ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചര്‍ച്ചയായെന്നാണ് സൂചന. അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. 

ഇതിനിടെ മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, യുപി കോണ്‍ഗ്രസ് ഘടകങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കി. ഇന്നലെ രാജസ്ഥാന്‍, ഛത്തീസ് ഘട്ട്, ഗുജാറാത്ത് ഘടകങ്ങള്‍ രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന സൂചന രാഹുൽ ഗാന്ധി നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിനാണ് ഒരു വിഭാഗം നേതാക്കളുടെ ശ്രമം. രാഹുല്‍ അധ്യക്ഷനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യമുണ്ടാകില്ല. മറ്റാരേയും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായേക്കില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍തന്നെ പാര്‍ട്ടിയെ നയിക്കണമെന്നും പ്രമേയങ്ങള്‍ ആവശ്യപ്പെടുന്നു.

അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന തീരുമാനം രാഹുല്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഛത്തീസ് ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഘടകങ്ങള്‍ ഈയാവശ്യവുമായി രംഗത്തെത്തുമെന്നറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഗാന്ധി കുടുംബം ആവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് മേല്‍ സമ്മര്ദ്ദമുണ്ട്. പദവി ഏറ്റെടുക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും ഗലോട്ട് സമ്മതം അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പദം ഉപേക്ഷിച്ച് മറ്റ് പദവികള്‍ ഏറ്റെടുക്കാന്‍ ഗലോട്ടിന് താല്‍പര്യമില്ലെന്നാണ് വിവരം. ശശി തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൂടിയാണ് വീണ്ടും ഗാന്ധി കുടുംബത്തിനായുള്ള മുറവിളി. പതിവ് രീതി ആവര്‍ത്തിച്ച് പന്ത് വീണ്ടും പഴയ കോര്‍ട്ടിലേക്കെത്തിക്കാനുള്ള നീക്കമാണോയെന്ന സംശയവും ഉയരുന്നുണ്ട്

Leave a Reply

Your email address will not be published.