താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തം; എ.കെ. ആന്റണി
താൻ കോൺഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഡ്ഡിത്തമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നങ്ങൾ കോൺഗ്രസിലില്ല. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണ്. ഡൽഹിയിലേക്ക് പോകുന്നത് പല ആവശ്യങ്ങൾക്കായിയാണെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോൾ മറുപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. ചർച്ചകൾക്കായി മുതിർന്ന നേതാവ് എകെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
രാത്രിയോടെ ആന്റണി ഡൽഹിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എകെ ആന്റണിയെ ഡൽഹിയിലെത്തിച്ച്, സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.