കോൺഗ്രസ് പാർലമെന്റ് സംവിധാനത്തിൽ പുതിയ നിയമനങ്ങളുമായി സോണിയ ഗാന്ധി; വിമതരെ ഒതുക്കി തുടങ്ങി
കോൺഗ്രസിലെ കത്ത് വിവാദത്തിന് പിന്നാലെ പുതിയ നിയമനങ്ങൾ നടത്തി സോണിയ ഗാന്ധി. രാജ്യസഭയിൽ ചീഫ് വിപ്പായി ജയ്‌റാം രമേശിനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ ഉപദേശകരായി അഹമ്മദ് പട്ടേൽ, കെ സി വേണുഗോപാൽ എന്നിവരെ നിയമിച്ചു.
ലോക്‌സഭയിൽ ഉപനേതാവായി ഗൗരവ് ഗോഗോയിയെയും വിപ്പായി രൺവീത് സിംഗ് ബിട്ടുവിനെയും നിയമിച്ചു. ഇരുവരും ഗാന്ധി കുടുംബവുമായി അടുപ്പം പുലർത്തുന്നവരാണ്. ഗുലാം നബി ആസാദിനെയും ആനന്ദ് ശർമയെയും ഒതുക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നറിയുന്നു. കത്ത് വിവാദത്തിന് പിന്നിൽ ഇരുവരുടെയും പങ്കുണ്ടായിരുന്നു.
വേണുഗോപാൽ രാജ്യസഭയിൽ പുതുമുഖമാണെങ്കിലും നേരത്തെ ലോക്‌സഭയിൽ ഡെപ്യൂട്ടി വിപ്പായിരുന്നു. അധീർ രഞ്ജൻ ചൗധരിയെ കക്ഷി നേതാവായും കൊടിക്കുന്നിൽ സുരേഷിനെ ചീഫ് വിപ്പായും ലോക്‌സഭയിൽ നിലനിർത്തി. അതേസമയം ശശി തരൂർ, മനീഷ് തിവാരി എന്നിവർക്ക് പദവികളൊന്നും നൽകിയിട്ടില്ല