രാഹുൽ ഗാന്ധി നയിച്ചാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജയിക്കില്ലെന്ന് നേതാക്കൾ; കോൺഗ്രസിൽ കലാപം രൂക്ഷം
രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ വിമർശനവുമായി കത്തെഴുതിയ നേതാക്കൾ. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നയിച്ചാൽ വിജയം ഉറപ്പിക്കാനാകില്ലെന്ന് നേതാക്കൾ പറയുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്നും ഇവർ സൂചന നൽകുന്നുണ്ട്
24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവായിരിക്കണം പാർട്ടിക്ക് അധ്യക്ഷനായി വരേണ്ടതെന്ന ആദ്യ വെടി പൊട്ടിച്ചത് കപിൽ സിബലാണ്. പിന്നാലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേതാക്കളുടെ കൂടുതൽ പ്രതികരണങ്ങൾ വന്നിരിക്കുന്നത്.
എഐസിസി സമ്മേളനത്തോടെ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം വിടുമെന്ന വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴേ ആരംഭിക്കണമെന്ന് നേതാക്കൾ പറയുന്നു. വിമതസ്വരം ഉയർത്തിയ നേതാക്കളെ പാർലമെന്ററി സമിതികളിൽ നിന്ന് ഒഴിവാക്കിയതോടെ രാഹുൽ പക്ഷവും യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്.