‘സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി’; മണിപ്പൂര്‍ സംഭവത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രം
മണിപ്പൂരില്‍ സ്ത്രീകളെ ചെയ്ത് നഗ്‌നരാക്കി നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ സൂപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു
മണിപ്പൂരിന്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്‌ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
വിഷയം വളരെ ഗൗരവത്തോടെ കാണുന്നെന്നും രാജ്യത്തെവിടെയാണെങ്കിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സപ്രീംകോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴു പേരാണ് അറസ്റ്റിലായത്.
കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസം പിന്നിട്ട ശേഷമാണ് കേസ് ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിടുന്നത്.