കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; പട്ടിക അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന് വിവരാവകാശ രേഖ
സംസ്ഥാനത്തെ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതായി വിവരാവകാശ രേഖ. സെലക്ട് കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരം. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍.
യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ 43 പേരുടെ പട്ടികയാണ് ഇതോടെ മാറ്റിയത്. 110 പേര്‍ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണ് കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാല്‍ നിലവിലുള്ള പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12നു മന്ത്രി ഇ-ഫയലില്‍ നിര്‍ദേശിച്ചു.
മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11 പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്.
എന്നാല്‍ 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.