മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു. മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. നാല് പേർക്ക് പരുക്ക്. സാന്തിഖോങ്ബാമിൽ ബിഎസ്എഫ് ക്യാമ്പിന് നേരെ അക്രമികൾ വെടിയുതിർത്തു.
എന്നാൽ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ഇതോടൊപ്പം, കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുറത്തുവെച്ച് നടത്തണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി സമർപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്.
കഴിഞ്ഞ മൂന്ന് മാസമായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. മേയിൽ തുടങ്ങിയ സംഘർഷം വലിയ നാശനഷ്ടങ്ങൾക്കാണ് വഴിവച്ചത്. സാഹചര്യം രൂക്ഷമായതോടെ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാലല്ലാതെ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണ് ബിരേൻ സിങ്.