മണിപ്പൂര്‍ സംഭവത്തില്‍ വ്യാജ പ്രചാരണം നടത്തിയെന്ന ആരോപണം: സുഭാഷിണി അലിയ്‌ക്കെതിരെ കേസ്
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കെതിരെ കേസ്. സമൂഹ മാധ്യമങ്ങള്‍ക്കെതിരെ വ്യാജ പ്രചരണം നടത്തി എന്നാണ് കേസ്. സംഭവം വിവാദായതോടെ പോസ്റ്റ് നീക്കം ചെയ്തതായും ഖേദം രേഖപ്പെടുത്തുന്നതായും സുഭാഷിണി അലി പറഞ്ഞു. മണിപ്പൂര്‍ സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി അധിക്ഷേപിച്ച യുവാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സുഭാഷിണി അലിയുടെ പോസ്റ്റാണ് വിവാദമായിരുന്നത്.
മണിപ്പൂരിലെ ലൈംഗികാതിക്രമ കേസിലെ പ്രതികളെന്ന പേരില്‍ രണ്ട് വ്യക്തികളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തതില്‍ ഖേദിക്കുന്നുവെന്നാണ് സുഭാഷിണി അലി പിന്നീട് പ്രതികരിച്ചത്. കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അധിക്ഷേപിച്ചത് ബിജെപി മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ചിദാനന്ദ സിങും മകനുമാണെന്നായിരുന്നു ഇരുവരുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലൂടെ സുഭാഷിണി അലി സൂചിപ്പിച്ചിരുന്നത്.
മണിപ്പൂരില്‍ മെയ്തേയ്-കുകി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേന്നാണ് കാംഗ്പോക്പി ജില്ലയില്‍ രാജ്യത്തെ ലജ്ജിപ്പിച്ച സംഭവം നടക്കുന്നത്. ഒരു പറ്റം മെയ്‌തേയ് അക്രമികള്‍ രണ്ട് സ്ത്രീകളെ ഭീഷണിപ്പെടുത്തി നഗ്നരാക്കി നടത്തുകയും ഇതില്‍ ഒരു യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു.