Monday, January 6, 2025
Kerala

സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം: കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീര്‍ത്തി പ്രചാരണവും അക്ഷന്തവ്യമാണെന്നും ലഭ്യമായ മാധ്യമ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനു നേരെ കടന്നാക്രമണം നടത്തുന്നവര്‍ക്കെതിരേ കര്‍ക്കശമായ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. നിലവിലുള്ള നിയമ സാധ്യതകള്‍ അതിന് പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമ നിര്‍മാണം ആലോചിക്കും. നിലവില്‍ ഉയര്‍ന്ന പരാതിയില്‍ സമഗ്രമായ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമം കൈയിലെടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അവഹേളിക്കപ്പെട്ട വനിതകള്‍ക്കൊപ്പമാണ് ഈ നാടിന്റെ വികാരം. ഇരകള്‍ക്ക് നീതി ലഭിക്കാനും മനോരോഗം പോലെ സ്ത്രീകള്‍ക്കെതിരേ ഹീനമായ അധിക്ഷേപം ചൊരിഞ്ഞതിന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *