ഡൽഹിയിൽ വീണ്ടും അരുംകൊല: വിവാഹാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ തലക്കടിച്ച് കൊന്നു
രാജ്യതലസ്ഥാനത്ത് വീണ്ടും അരുംകൊല. വിവാഹാഭ്യർത്ഥന നിരസിച്ച കോളജ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ തലക്കടിച്ച് കൊലപ്പെടുത്തി. ഡൽഹി മാളവ്യ നഗറിലുള്ള പാർക്കിലാണ് സംഭവം. കമലാ നെഹ്‌റു കോളജിലെ വിദ്യാർത്ഥിനി നർഗീസാണ് (25) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാൻ എന്ന 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി അരബിന്ദോ കോളജിന് സമീപമുള്ള പാർക്കിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പെൺകുട്ടി. കമ്പിവടി കൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി ഇർഫാൻ പൊലീസിനോട് പറഞ്ഞു. ബിരുദ വിദ്യാർത്ഥിനിയായ നർഗീസ് പ്രതിയുമായി അടുപ്പത്തിലായിരുന്നു. എന്നാൽ വീട്ടുകാർ എതിർത്തതോടെ നർഗീസ് ഇർഫാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പൊലീസ് പറയുന്നു.
നർഗീസ് തന്നോട് സംസാരിക്കുന്നത് നിർത്തിയതോടെ പ്രതി അസ്വസ്ഥനാകാൻ തുടങ്ങി. ഈ വർഷം ബിരുദപഠനം പൂർത്തിയാക്കിയ പെൺകുട്ടി മാളവ്യ നഗറിലെ കോച്ചിംഗ് ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഇത് മനസിലാക്കിയ പ്രതി വീണ്ടും പെൺകുട്ടിയെ സമീപിച്ചു. വിവാഹാഭ്യർത്ഥന നിരസിച്ചത്തോടെ പെൺകുട്ടിയെ കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇർഫാനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാ കമ്മീഷൻ രംഗത്തെത്തി. മാളവ്യ നഗർ പോലൊരു പോഷ് ലൊക്കേഷനിൽ ഒരു പെൺകുട്ടിയെ വടികൊണ്ട് അടിച്ചു കൊന്നു. ഡൽഹി ഒട്ടും സുരക്ഷിതമല്ലാതായി മാറി, ഇതിൽ ആർക്കും പ്രശ്നമില്ല. പത്രവാർത്തകളിൽ പെൺകുട്ടികളുടെ പേരുകൾ മാത്രം മാറുന്നു, കുറ്റകൃത്യങ്ങൾ അവസാനിക്കുന്നില്ലെന്നും സ്വാതി മലിവാൾ പ്രതികരിച്ചു.