വിവാഹാഭ്യർത്ഥന നിരസിച്ചു; മഹാരാഷ്ട്രയിൽ കാമുകൻ സ്വയം തീകൊളുത്തി യുവതിയെ കെട്ടിപ്പിടിച്ചു
വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കാമുകൻ സ്വയം തീകൊളുത്തിയ ശേഷം യുവതിയെ കെട്ടിപ്പിടിച്ചു. പൊള്ളലേറ്റ ഇരുവരുടെയും നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്‌വാഡ സർവകലാശാലയിൽ പഠിച്ച ഇരുവരും സുവോളജിയിൽ പിഎച്ച്‌ഡി വിദ്യാർഥികളാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഗവൺമെന്റ് ഫോറൻസിക് കോളജിലെ ബയോഫിസിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യാബിനിൽ പ്രൊജക്റ്റ് ചെയ്യുകയായിരുന്നു വിദ്യാർഥിനി. ഇതിനിടെ ഉള്ളിൽ കടന്ന പ്രതി യുവതിയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. എന്തുകൊണ്ടാണ് തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതെന്ന് ഇയാൾ യുവതിയോട് ചോദിക്കാൻ തുടങ്ങി.
ഇതേത്തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് യുവാവ് യുവതിയെ കെട്ടിപ്പിടിച്ചു. ഇരുവരെയും ഔറംഗബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. പുരുഷന് 90% പൊള്ളലേറ്റപ്പോൾ സ്ത്രീയും 55% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.