പൊന്നുമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണം, ഉപ്പയെ നോക്കി മക്കൾ; തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങൾ
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ. പൊന്നുമ്മയെ ഇല്ലാതാക്കിയ ഉപ്പാക്ക് കൊലക്കയർ തന്നെ നൽകണമെന്ന് മക്കൾ പറഞ്ഞു. സുലൈഖ കൊലക്കേസിൽ ഭർത്താവ് കൂടിയായ പ്രതി യൂനുസ് കോയയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വിദേശത്തു നിന്നും എത്തിയതിന്റെ അടുത്ത ദിവസമായിരുന്നു കൊലപാതകം. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
നാട്ടുകാരുടേയും വീട്ടുകാരുടേയും പ്രതിഷേധം കണക്കിലെടുത്ത് വൻപൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനിടെ കൊലപാതകത്തെ കുറിച്ച് പ്രതി വിശദീകരിച്ചു. കുടുംബാംഗങ്ങൾ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കനത്ത ശിക്ഷ നൽകണമെന്ന് കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. അതിനിടെ പ്രതിക്ക് നേരെ വളരെ കടുത്ത രോഷപ്രകടനവുമുണ്ടായി. തെളിവെടുപ്പിനിടെ സങ്കടം സഹിക്കാനാവാതെ മൂന്ന് കുട്ടികളും വിങ്ങിപ്പൊട്ടി. ഉമ്മയെ കൊലപ്പെടുത്തിയവന് കൊലക്കയർ നൽകണമെന്ന് മക്കൾ പറഞ്ഞു. ഭാര്യയെ കൊന്നതിന്റെവിശദാംശങ്ങൾ യൂനുസ് കോയ പൊലീസിനോട് വിശദീകരിച്ചു.