Sunday, April 13, 2025
National

ഏക സിവിൽ കോഡ് ഭരണഘടന വിഭാവനം ചെയ്യുന്നത്, നടപ്പാക്കണം: ആം ആദ്മി പാർട്ടി

ദില്ലി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത് വന്നു. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പറിയിക്കാന്‍ ബോര്‍ഡിന്‍റെ അടിയന്തര യോഗം തീരുമാനിച്ചു. സിവിൽ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ദൃശ്യമാണ്.

ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നത്. ഓണ്‍ലൈൻ യോഗത്തില്‍ നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലീം വ്യക്തി നിയമ ബോർഡ് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.

അതേ സമയം ഏകസവില്‍ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയും ഏകാഭിപ്രായത്തിലെത്തിയിട്ടില്ല. സിപിഎം, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, എഐഎംഐഎം തുടങ്ങിയ കക്ഷികള്‍ സിവിൽ കോഡ് നടപ്പാക്കരുതെന്ന് ശക്തമായി വാദിക്കുന്നുണ്ട്. കോണ്‍ഗ്രസ് അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകള്‍ അടുത്ത് വരുമ്പോള്‍ സിവിൽ കോഡില്‍ അന്തിമ നിലപാട് പ്രഖ്യാപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. എതിര്‍ത്താല്‍ മുസ്ലീം പ്രീണനമെന്ന ആക്ഷേപം ബിജെപി ശക്തമാക്കും. അതുകൊണ്ട് കരുതലോടെയാണ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഏക സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. സിവില്‍ കോഡിനായി രാജ്യ വ്യാപകമായി പ്രചാരണത്തിന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച തയ്യാറെടുപ്പുകൾ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *