Tuesday, April 15, 2025
Kerala

വിവാഹവീട്ടിലെ അരുംകൊല; പ്രതികൾ കുറ്റം സമ്മതിച്ചു, ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്ന് എസ്പി

തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് ഇപ്പോള്‍ പറയാൻ ആയില്ലെന്നും ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു. വിവാഹം നിരസിച്ചതിലെ രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

ഇന്ന് വിവഹാം നടക്കാനിരുന്നു വീട്ടിൽ കയറിയായിരുന്നു അരുംകൊല. വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു ഇദ്ദേഹം. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുന്‍ സുഹൃത്ത് ജിഷ്ണു ഉള്‍പ്പെടെ നാല് പേർ പൊലീസ് പിടിയിലായി. പ്രണയത്തകർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സ്ഥിരമാക്കിയവരാണ് ആക്രമണത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട രാജുവിന്റെ സഹോദരി ഭര്‍ത്താവ് പറഞ്ഞു.

വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിൻ, ശ്യം, മനു എന്നിവരുൾപ്പെട്ട നാല് പേരെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹ തലേദിവസമായ ഇന്നലെ രാത്രി ഏകദേശം ഒരു മണിയോടുകൂടി പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരുൾപ്പെട്ട നാലംഗ സംഘമാണ് വിവാഹ വീട്ടിലെത്തി ബഹളം വെച്ചത്. വിവാഹ തലേന്നത്തെ ആഘോഷ പാർട്ടി തീർന്നതിന് പിന്നാലെ ആണ് സംഘം എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളം ഉണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. ശ്രീലക്ഷ്മിയുടെ അച്ഛന്‍ തടഞ്ഞതോടെയാണ് അക്രമികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *