Sunday, January 5, 2025
National

ഏകസിവിൽ കോഡ്: എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

ദില്ലി: ഏക സിവിൽ കോഡിൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ്. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു.

രാജ്യത്ത് ഏകസിവിൽകോഡ് നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

എന്നാല്‍, ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡിനെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി. ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കിൽ പിന്നോക്ക വിഭാ​ഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു.

­

Leave a Reply

Your email address will not be published. Required fields are marked *