അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ്; ഒ. പനീർശെൽവം വിഭാഗം നൽകിയ ഹർജിയിൽ ഇന്ന് വിധി
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒ. പനീർശെൽവം വിഭാഗം നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ കുമരേഷ് ബാബുവാണ് വിധി പ്രസ്താവിക്കുക. കഴിഞ്ഞ ആഴ്ചയിൽ ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ പൂർത്തിയായിരുന്നു.
വാദം എഴുതി നൽകാൻ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ഒപിഎസ് വിഭാഗം കോടതിയെ സമീപിച്ചതിനാൽ, വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് 26ന് പൂർത്തിയായിരുന്നു. ഒപിഎസ് വിഭാഗം നൽകിയ ഹർജി നിലനിൽക്കുന്നതിനാൽ ഫലം പ്രഖ്യാപിയ്ക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
222 നാമനിർദേശ പത്രികകളും എടപ്പാടി പഴനിസാമിയുടെ പേരിൽ ആയതിനാൽ ഏകപക്ഷീയ വിജയം തന്നെയാണ് ഇപിഎസ് വിഭാഗം നേടിയിട്ടുള്ളത്. ഇന്ന് കോടതി വിധി പ്രസ്താവത്തിനു പിന്നാലെ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൻ്റെ ഫലവും ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.