ശശികലക്ക് പിന്തുണ പ്രഖ്യാപിച്ച് ഒപിഎസ് പക്ഷം എംഎൽഎമാർ ബംഗളൂരുവിൽ; അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്
വി കെ ശശികലക്ക് പിന്തുണ അറിയിച്ച് ഒ പനീർശെൽവം വിഭാഗം എംഎൽഎമാർ. ബംഗളൂരുവിൽ ശശികല താമസിക്കുന്ന റിസോർട്ടിലാണ് ഒപിഎസ് പക്ഷത്തെ മൂന്ന് എംഎൽഎമാർ എത്തിയത്. അതേസമയം ഇവരുമായി കൂടിക്കാഴ്ചക്ക് ശശികല ഇതുവരെ തയ്യാറായിട്ടില്ല
കൂടിക്കാഴ്ചക്കെത്തിയവരെ ശശികല തിരിച്ചയച്ചു. മുൻ മന്ത്രി എം മണികണ്ഠനും ശശികലക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മൂന്ന് എംഎൽഎമാരും അതേസമയം ബംഗളൂരുവിൽ തന്നെ തുടരുകയാണ്. വരും ദിവസങ്ങളിൽ ശശികലയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ
ഫെബ്രുവരി ഏഴിന് ശശികല ചെന്നൈയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തമിഴ്‌നാട്ടിലേക്ക് ആനയിക്കാൻ അനുയായികൾ ഒരുങ്ങുന്നത്. ശശികലയുടെ വരവ് അണ്ണാ ഡിഎംകെയെ പിളർത്തുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. എടപ്പാടി പളനിസ്വാമി പക്ഷമാണ് ശശികലക്ക് എതിരെ നിലപാട് സ്വീകരിക്കുന്നത്.