Wednesday, January 8, 2025
National

ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം; നിരീശ്വരവാദി പ്രസിഡന്റിന് നേരെ ആക്രമണം

ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയ ഇന്ത്യൻ നിരീശ്വരവാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരെ വീണ്ടും ആക്രമണം. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഗോപാൽപൂരിലാണ് അയ്യപ്പഭക്തർ ബൈരി നരേഷിനെ ആക്രമിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്ന നരേഷിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

ലോ കോളജിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു 42 കാരനായ ബൈരി നരേഷ്. ഇതിനിടെ ഇയാൾ സഞ്ചരിച്ച വാഹനം ചിലർ വളയുകയും ബൈരിയെ മർദ്ദിക്കാനും ആരംഭിച്ചു. പൊലീസ് എത്തി അക്രമി സംഘത്തെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിനുള്ളിൽ വച്ചും ഇവർ മർദ്ദനം തുടർന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വലതുപക്ഷ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

അക്രമികളെയെല്ലാം അറസ്റ്റ് ചെയ്തതായി വാറങ്കൽ പൊലീസ് കമ്മീഷണർ എൻഡിടിവിയോട് പറഞ്ഞു. നേരത്തെ ഹിന്ദു ദൈവങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ബൈരി നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസത്തോളം ജയിലിൽ കിടന്ന നരേഷ് ഫെബ്രുവരി 16നാണ് പുറത്തിറങ്ങിയത്. ജയിൽ മോചിതനായതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *