Sunday, January 5, 2025
Kerala

കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥികളെ ആക്രമിച്ച മുഹമ്മദ് അസ്ലം, അഷ്‌കര്‍ ഷെബീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കോളജ് വിദ്യാര്‍ത്ഥിനിയെ നിലത്തിട്ട് ചവിട്ടിയ പ്രതികള്‍, സഹപാഠിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തു. ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ബൈക്കപകടത്തില്‍ പരുക്കേറ്റ സുഹൃത്തിന് വസ്ത്രവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഇരുവരും. തെക്കുംഗോപുരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു. രാത്രിയില്‍ പുറത്തിറങ്ങിയത് എന്തിനാണെന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. ഇവിടെ നിന്നും സ്‌കൂട്ടില്‍ രക്ഷപ്പെട്ട ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു.

സംഭവ സമയം അതുവഴി വന്ന പൊലീസ് പെട്രോളിങ് സംഘം അക്രമം നടത്തിയ താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്‌ക്കര്‍, ഷെബീര്‍ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം, സംഘം ചേര്‍ന്ന് മര്‍ദനം തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വൈകീട്ട് കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *