രാജസ്ഥാനിൽ ചാർട്ടേഡ് വിമാനം തകർന്നുവീണു
സാങ്കേതിക തകരാറിനെ തുടർന്ന് രാജസ്ഥാനിലെ ഭരത്പൂരിൽ ചാർട്ടേഡ് വിമാനം തകർന്നുവീണു. ഉച്ചൈൻ പ്രദേശത്തെ ഒരു തുറസ്സായ സ്ഥലത്താണ് വിമാനം തകർന്നുവീണത്. വിമാനം പൂര്‍ണമായും കത്തിനശിച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണ്. പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ട്.
രാവിലെ 10.15 ഓടെയാണ് സംഭവം. തകർന്നുവീണത് പ്രതിരോധ യുദ്ധവിമാനമാണോ സാധാരണ വിമാനമാണോ എന്ന് പ്രഥമദൃഷ്ട്യാ പറയാൻ പ്രയാസമാണെന്ന് ഭരത്പൂർ എസ്പി ശ്യാം സിംഗ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് തെറിച്ചുവീണതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.
സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തുണ്ടെന്ന് ജില്ലാ കളക്ടർ അലോക് രഞ്ജൻ അറിയിച്ചു.