Saturday, January 4, 2025
National

‘ഗുസ്തി താരങ്ങളുടെ സമരം ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും’; രൂക്ഷ വിമർശനവുമായി പി.ടി. ഉഷ

ഡൽഹിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി ഉഷ. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്ന് പിടി ഉഷ പറഞ്ഞു.

എന്നാല്‍ പി.ടി. ഉഷയില്‍ നിന്ന് ഇത്ര പരുക്കന്‍ സമീപനം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ മറുപടി നല്‍കി. അവരില്‍ നിന്നും പിന്തുണയാണ് പ്രതീക്ഷിക്കുന്നത് എന്ന് പുനിയ പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭുഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന രാപകൽ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ഡൽഹി പൊലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് ആറു ദിവസം ആയിട്ടും എഫ്ഐ ആർ എടുത്തിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇവർക്ക് പിന്തുണ അറിയിച്ചു.

ഇതിനിടെ തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട് ചോദ്യവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ രംഗത്തുവന്നിരുന്നു. ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും സമരമാരംഭിച്ചു. ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആറംഗ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം ഗുസ്തി അസോസിയേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുമായി താല്‍ക്കാലിക സമിതിയെ ഐ.ഒ.എ. നിയോഗിച്ചു. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനാകുന്ന സമിതിയില്‍ മുന്‍ ഷൂട്ടിംഗ് താരം സുമ ഷിരൂര്‍, വുഷു അസോസിയേഷന്‍ അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ബജ്വ എന്നിവര്‍ അംഗങ്ങളാകും.

Leave a Reply

Your email address will not be published. Required fields are marked *