ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ബോഡി യോഗം മാറ്റി; നടപടി കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്ന്
ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം മാറ്റിവച്ചു. ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക ആരോപണങ്ങള്‍ക്കും നടപടി ആവശ്യപ്പെട്ടുള്ള ഗുസ്തി താരങ്ങളുടെ സമരത്തിനുമിടയിലാണ് യോഗം മാറ്റിവയ്ക്കാനുള്ള തീരുമാനം.
ഫെഡറേഷന്റെ എല്ലാ ദൈനം ദിന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇന്ന് അയോധ്യയില്‍ ചേരാതിരുന്ന ജനറല്‍ബോഡി യോഗവുമായി മുന്നോട്ടു പോകാന്‍ ആയിരുന്നു നീക്കം. എന്നാല്‍ അവസാന നിമിഷം കായിക മന്ത്രാലയത്തില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്. മേല്‍നോട്ട സമിതിയുടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മാത്രമേ ഇനി യോഗം ചേരു എന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ഫെഡറേഷന്റെ പുതിയ മേല്‍നോട്ട സമിതി ചുമതല ഏല്‍ക്കും വരെ ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. റാങ്കിംഗ് മത്സരം, എന്‍ട്രി ഫീസ് തിരിച്ചടവ് ഉള്‍പ്പെടെ ഫെഡറേഷന്റെ എല്ലാ പ്രവര്‍ത്തനവും താത്ക്കാലികമായി നിര്‍ത്തിവച്ചു. പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ വിമര്‍ശിച്ച ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ ഇന്നലെ കേന്ദ്രം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഗുസ്തി താരങ്ങളുടെ പരാതികള്‍ അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച മേല്‍നോട്ട സമിതിയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. നാലാഴ്ചയ്ക്കുള്ളില്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ കാലയളവിലെ ഫെഡറേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി നിയന്ത്രിക്കും.