Monday, April 14, 2025
National

‘മോദി വിഷപ്പാമ്പ്, തൊടാന്‍ ശ്രമിച്ചാല്‍ മരണം ഉറപ്പ്’: പ്രധാനമന്ത്രിക്കെതിരെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ. മോദിയെപ്പോലെ ഒരു മനുഷ്യൻ തരുന്നത് വിഷമല്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്ന് അദ്ദേഹം പറഞ്ഞു. കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെയുടെ പരാമർശം.

‘നിങ്ങളുടെ ആശയങ്ങളും ചിന്തയും മോശമായതിനാല്‍ അവ രാജ്യത്തെ നശിപ്പിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. മോദി ഒരു വിഷപ്പാമ്പിനെപ്പോലെയാണ്. വിഷമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ ഒന്ന് നക്കി നോക്കിയാല്‍ മരണം ഉറപ്പ്. പ്രധാനമന്ത്രി നല്ലവനാണെന്ന് കരുതി ഒരവസരം കൂടി നിങ്ങൾ അദ്ദേഹത്തിന് കൊടുത്താൽ നിങ്ങൾ ആ വിഷം നക്കുകയാണ്. രാജ്യത്തിന് വേണ്ടി നിങ്ങൾ നിരന്തരം ആലോചിക്കേണ്ടിയിരിക്കുന്നു’ -എന്നായിരുന്നു ഖാർഗെയുടെ പരാമർശം.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപാമ്പിനോട് ഉപമിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തുവന്നു. മോദിക്കെതിരെ നടത്തുന്ന ഇത്തരം പരാമർശങ്ങൾക്ക് കോൺഗ്രസ്‌ വലിയ വില നൽകേണ്ടി വരുമെന്ന് ബിജെപി പ്രതികരിച്ചു. എന്നാൽ പരാമർശം വിവാദമായതോടെ വിശദീകരണവുമായി ഖാർഗെ രംഗത്തുവന്നു. മോദിയെ അല്ല ബിജെപിയുടെ പ്രത്യയശാസ്ത്രത്തെയാണ് വിമർശിച്ചത്. ഒരിക്കലും പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയിട്ടില്ല. അവരുടെ പ്രത്യയശാസ്ത്രം പാമ്പിനെപ്പോലെയാണെന്നും നിങ്ങൾ അതിൽ തൊടാൻ ശ്രമിച്ചാൽ നിങ്ങളുടെ മരണം ഉറപ്പാണെന്നുമാണ് താൻ പറഞ്ഞതെന്ന് ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *