രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടി; പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാൻ കോൺഗ്രസ്
രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാൻ കോൺഗ്രസ്. കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇന്ന് കറുത്ത വസ്ത്രം ധരിച്ചെത്തും. അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ അപ്പീൽ സമർപ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിയമവിദഗ്ധരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ ഇന്ന് ചർച്ച നടത്തും. ഈ ആഴ്ച തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.
രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. ഇരുസഭകളിലും വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് കോൺഗ്രസ് തിരുമാനം. മറ്റ് നടപടികൾ ഉപേക്ഷിച്ച് വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യമാവും കോൺഗ്രസ് ഉന്നയിക്കുക. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നൽകിയില്ലെങ്കിൽ സഭ പ്രക്ഷുബ്ദമാകുന്ന വിധത്തിൽ പ്രതിഷേധിയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് രാവിലെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം പാർലമെന്റിനകത്തെയും പുറത്തെയും സമരപരിപാടികൾക്ക് അന്തിമ രൂപം നല്കും. ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിയ്ക്കാൻ കോൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്. അതേസമയം, രാഹുൽ ഗാന്ധിയ്ക്ക് എതിരായ അയോഗ്യത വിഷയത്തിൽ സ്പീക്കർ ഇന്ന് ലോകസഭയിൽ നിലപാട് പ്രസ്താവനയായി വ്യക്തമാക്കിയേക്കും.
മോദി എന്ന കുടുംബപ്പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും നീരവ് മോദിയും ലളിത് മോദിയും പിന്നാക്കക്കാരല്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എൻഡിടിവിയോട് പറഞ്ഞു.
നീരവ് മോദിയും ലളിത് മോദിയും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് ആർക്കും സങ്കൽപ്പിക്കാൻ കഴിയില്ല. 2019 ൽ നടത്തിയ പ്രസംഗത്തിൽ ഒബിസി സമൂഹത്തെയാകെ അപമാനിച്ചുവെന്നായിരുന്നു രാഹുലിനെതിരെയുള്ള ആരോപണം. ഇത് സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതാണ്. 3 വ്യക്തികൾക്ക് നേരെയാണ് രാഹുൽ വിരൽ ചൂണ്ടിയതെന്നും ഒളിവിൽ പോയ നീരവ് മോദിയും ലളിത് മോദിയും വിദേശത്ത് ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ശശി തരൂർ എൻഡിടിവിയോട് പറഞ്ഞു.
‘ഇൻ സബ്‌കെ നാമം'(ഈ മൂന്ന് പേരുടെ പേര്) എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മോദിമാരും കള്ളന്മാരാണെന്ന് ഇത് അർത്ഥമാക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ രണ്ട് വർഷത്തെ ജയിൽ ശിക്ഷയുടെ വെള്ളിവെളിച്ചം അഭൂതപൂർവമായ പ്രതിപക്ഷ ഐക്യത്തിന് കാരണമായെന്ന് തരൂർ പറഞ്ഞു.