Tuesday, April 15, 2025
National

‘പ്രതികാര നടപടി’, രാഹുൽ ഗാന്ധിക്കെതിരായ നീക്കം രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്

ദില്ലി : രാഹുൽ ഗാന്ധിക്കെതിരായ ദില്ലി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലെന്ന് കോൺഗ്രസ്. തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന വിചിത്രമായ ആവശ്യമാണ് ദില്ലി പൊലീസ് മുന്നോട്ട് വെക്കുന്നത്. ഭാരത് ജോഡോ യാത്രക്കിടെ ലക്ഷക്കണക്കിന് പേരെ രാഹുൽ കണ്ടിരുന്നു. ആ വ്യക്തികളുടെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ നൽകണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പൊലീസിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയ വിരോധം തീർക്കലാണെന്നത് വ്യക്തമാണെന്നും കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

”ജനുവരി 30 ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ 45 ദിവസങ്ങൾക്ക് ശേഷമാണ് തേടുന്നത്. പാർലമെൻറിലെ രാഹുലിൻ്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തം. മറുപടി നൽകുമെന്നറിയിച്ചിട്ടും ഇന്ന് ഇത്തരമൊരു അന്തരീക്ഷമുണ്ടാക്കിയത് ബോധപൂർവമാണ്. പൊലീസ് ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറുമെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യൻ സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് തന്നെ കണ്ട് അറിയിച്ചുവെന്നുമുള്ള കശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം തേടിയാണ് ദില്ലി പൊലീസ് പാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയത്. രണ്ടുമണിക്കൂറോളം ദില്ലി പൊലീസ് വസതിയിലുണ്ടായിരുന്നുവെങ്കിലും രാഹുൽ പൊലീസിനെ കാണാൻ കൂട്ടാക്കിയില്ല. തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *