Monday, January 6, 2025
Kerala

പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്; കെ സുധാകരന്‍

ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സി.എം രവീന്ദ്രനെ നിയമസഭയില്‍ തന്റെ ചിറകിനു കീഴില്‍ ഒളിപ്പിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന്‍ പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രന്‍ ഇഡിയെ അറിയിച്ചത്. എന്നാല്‍, നിയമസഭയില്‍ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുത. നിയമസഭയിലേക്ക് ഇഡി എത്തില്ലെന്ന ധാരണമൂലമാകാം രവീന്ദ്രനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമസഭയെ കവചമാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു. പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണ്. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തത്?

സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് അവകാശപ്പെട്ടിരുന്ന രവീന്ദ്രന്റെ സ്വകാര്യ ചാറ്റുകള്‍ പുറത്തുവന്നപ്പോള്‍ അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴവും പരപ്പും വ്യക്തമാണ്. പാതിരാത്രിക്കു നടത്തിയ ചാറ്റ് ഒരു മുഖ്യമന്ത്രിയുടെ വയോധികനായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടേതാണോ എന്നുപോലും സംശയംതോന്നി. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയവയുടെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് അസന്മാര്‍ഗികളുടെയും ഇരിപ്പിടമായി. നേരത്തെ മന്ത്രിമാരുടെ ഓഫീസുകള്‍ ഈ രീതിയിലേക്ക് കൂപ്പുകുത്തിയതിന്റെ ഞെട്ടലില്‍നിന്നു കേരളം കരകയറുംമുമ്പാണ് അടുത്ത ആഘാതമേറ്റതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *