Monday, January 6, 2025
National

‘ഇതൊന്നും അത്ര വലിയ പ്രശ്നമല്ല’; മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അധ്യാപിക

ഉത്തർപ്രദേശിൽ മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക. വൈറൽ ക്ലിപ്പ് വർഗീയമായി വളച്ചൊടിച്ചതാണെന്നാണ് ത്രിപ്ത ത്യാഗിയുടെ വാദം. തന്റെ നടപടി വർഗീയ സ്വഭാവമുള്ളതാണെന്ന ആരോപണം നിഷേധിച്ച ത്രിപ്ത, കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാലാണ് വിദ്യാർത്ഥികളോട് തല്ലാൻ ആവശ്യപ്പെട്ടതെന്നും പറഞ്ഞു. ഇതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നും അധ്യാപിക വ്യക്തമാക്കി.

‘കുട്ടികളോട് കർക്കശമായി പെരുമാറാൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു. ഞാൻ വികലാംഗയാണ്, അതിനാൽ ഗൃഹപാഠം ചെയ്യാതിരുന്ന ഒരു കുട്ടിയെ തല്ലാൻ ചില വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇനിയൊരിക്കലും ഗൃഹപാഠം ചെയ്യാൻ അവൻ മറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്’ – ത്രിപ്ത ത്യാഗി പറയുന്നു. മുഴുവൻ വീഡിയോയിൽ നിന്നും വർഗീയ ആംഗിൾ വരുന്ന ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതെന്നും അവർ ആരോപിച്ചു.

“കുട്ടിയുടെ കസിൻ ക്ലാസിൽ ഇരിക്കുകയായിരുന്നു. വീഡിയോ അയാൾ റെക്കോർഡ് ചെയ്‌തതാണ്, അത് പിന്നീട് വളച്ചൊടിക്കുകയായിരുന്നു” – അവർ പറഞ്ഞു. ഇതൊരു ചെറിയ പ്രശ്‌നമാണെന്നും വീഡിയോ വൈറലായതിന് ശേഷം അത് പെരുപ്പിച്ച് കാണിക്കുകയാണെന്നും ത്യാഗി കുറ്റപ്പെടുത്തി. ‘എനിക്ക് മറ്റ് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല, അവരെല്ലാം എന്റെ കുട്ടികളെപ്പോലെയാണ്, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു, പക്ഷേ ഇത് അനാവശ്യമായി ഒരു വലിയ പ്രശ്നമാക്കി മാറ്റി’- അവർ കൂട്ടിച്ചേർത്തു.

“ഇതൊരു ചെറിയ വിഷയമായിരുന്നുവെന്നാണ് രാഷ്ട്രീയക്കാരോട് എനിക്ക് പറയാനുളളത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്, പക്ഷേ ട്വീറ്റ് ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. ഇത്തരം ദൈനംദിന വിഷയങ്ങൾ വൈറലായാൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കും?” അവർ ചോദിച്ചു. അതേസമയം അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായി മുസാഫർനഗർ ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു. സ്കൂളിനെതിരെ ആരോപണം ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തന്റെ കുട്ടിയെ ഇനി ഈ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *