Saturday, January 4, 2025
Kerala

വയനാട് ജീപ്പ് അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മാനന്തവാടി കണ്ണോത്തുമല കവലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തോട്ടം തൊഴിലാളികളായ 9 സത്രീകൾ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ഉത്തരവിട്ടു. കൽപ്പറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഉച്ചയ്ക്ക് 1 മുതൽ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വെച്ചു. നിരവധി പേരാണ് മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്. മന്ത്രി എ.കെ ശശീന്ദ്രൻ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകീട്ടാണ് സംസ്കാരം നടക്കുക. അഞ്ച് പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. പൊലീസും ഫയര്‍ഫോഴ്‌സും പിന്നീട് സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *