ബ്രിട്ടനിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം: ഇടപെട്ട് എസ്എഫ്ഐ
ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാർത്ഥികളോട് അധ്യാപകർ വിവേചനം കാട്ടുന്നതായി ആരോപണം. എംഎസ്‌സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് വിദ്യാർത്ഥികളാണ് ശ്രീലങ്കൻ/മലേഷ്യൻ അധ്യാപകനിൽ നിന്ന് വിവേചനവും വംശീയാധിക്ഷേപവും നേരിട്ടത്. വിദ്യാർത്ഥികളെ അധ്യാപകർ കൂട്ടത്തോടെ പരാജയപ്പെടുത്തുകയാണെന്ന് മലയാളി വിദ്യാർത്ഥിനി പറഞ്ഞു.
ടാക്സേഷൻ ആൻഡ് ഓഡിറ്റിങ് പഠിപ്പിക്കാനെത്തിയ അധ്യാപകൻ ആദ്യ ദിവസം തന്നെ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥിനി പറയുന്നു. പണം സമ്പാദിക്കാനാണ് മലയാളികൾ യുകെയിലെത്തുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷയിൽ മലയാളി വിദ്യാർത്ഥികളെ മാത്രം തോൽപ്പിക്കുമെന്നുമായിരുന്നു ഭീഷണി. ഫലം വന്നപ്പോൾ 90 ഓളം വിദ്യാർത്ഥികളെ പരാജയപ്പെടുത്തിയെന്നും വിദ്യാർത്ഥിനി പറഞ്ഞു.
രണ്ടാമത്തെ ശ്രമത്തിലും വിദ്യാർത്ഥികളെ പരാജയപ്പെടുത്തി. കൂടാതെ മലയാളി വിദ്യാർത്ഥികളുടെ ഐഡി കാർഡുകൾ പിടിച്ചെടുത്തു. ഉത്തരപേപ്പറുകൾ മുഖത്തേക്ക് എറിഞ്ഞതായും പഠനം പൂർത്തിയാക്കാൻ നിൽക്കാതെ മറ്റ് ജോലികൾ നോക്കുന്നതോ വിവാഹം ചെയ്യുന്നതോ ആകും നല്ലതെന്നും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിനികൾ ആരോപിക്കുന്നു. ഇതേത്തുടർന്നാണ് ഒരുസംഘം വിദ്യാർത്ഥികൾ ബ്രിട്ടനിലെ എസ്‌എഫ്‌ഐ പ്രവർത്തകരെ ബന്ധപ്പെട്ടത്.
ഒക്‌ടോബറിൽ പ്രത്യേക ഓൺലൈൻ പരീക്ഷ നടത്താമെന്ന് ഉറപ്പ് ലഭിച്ചു. ഇതോടെ വിദ്യാർത്ഥികൾക്ക് വിസാ കാലാവധി നീട്ടേണ്ട സാഹചര്യം ഒഴിവായി.