ഇന്ന് കാർഗിൽ വിജയദിവസം(ജൂലൈ 26) ജ്വലിക്കുന്ന വീരസ്മരണ
കാർഗിലിൽ ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ്. ജമ്മുകശ്മീരിലെ കാർഗിലിൽ പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.
1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരിൽനിന്ന് സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.
യുദ്ധത്തിന്റെ നാൾവഴി
1999 മേയ് 5-15 ഇന്ത്യൻസേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിനെത്തി. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി
മേയ് 25- കാർഗിൽ, ദ്രാസ്, ബതാലിക്, മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണം ആരംഭിച്ചു
മേയ് 26- വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാകിസ്താൻ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാകിസ്താൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു.
മേയ് 28- മിഗ് 27 ഹെലികോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു.
ജൂൺ 3- ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്താൻ ഇന്ത്യക്ക് കൈമാറി
ജൂൺ 6- കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം
ജൂൺ 10- ആറുപട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താൻ ഇന്ത്യക്ക് കൈമാറി
ജൂൺ 13- താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു
ജൂലായ് 4- ഇന്ത്യൻസേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.
ജൂലായ് 11- നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിൻമാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു.
ജൂലായ് 14- ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പോരാളികൾ
വ്യോമസേന
മിഗ് 27
മിഗ് 21
എം.ഐ. 17
മിറാഷ് 2000
ജാഗ്വാർ
മിഗ് 25
കരസേന
155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്‌സ് തോക്കുകൾ
105 എം.എം. ഫീൽഡ് ഗൺ
160 എം.എം. മോർട്ടോർ
122 എം.എം. മോർട്ടോർ
ബി.എം. 21 ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ
* ആകെ 2.5 ലക്ഷം ഷെല്ലുകളും ബോംബുകളും റോക്കറ്റുകളും
* ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും നിറയൊഴിച്ചു.
* രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത് 527 പേർ