ഡെൽറ്റ വകഭേദം : വാക്‌സിന്‍ സ്വീകരിക്കാത്തവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
85 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. ‘ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വ്യാപനശേഷി കൂടിയ വൈറസാണിത്. വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ ഇതിന്റെ വ്യാപനം വേഗത്തിലായിരിക്കും’- ടെഡ്രോസ് അദാനം പറഞ്ഞു.
ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണ്, ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു വരികയാണ്.
ഡെല്‍റ്റ വകഭേദത്തിന് ജനിതകമാറ്റം സംഭവിച്ച് ഉടലെടുത്ത പുതിയ വൈറസാണ് ഡെല്‍റ്റ പ്ലസ് വകഭേദം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഒഡീഷ, രാജസ്ഥാൻ, ജമ്മു കശ്മീർ, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്.