Thursday, January 2, 2025
World

വാക്‌സിന്‍ ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് 20 ലക്ഷം പേരുടെ ജീവനെടുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് മഹാമാരി 20 പേരുടെ ജീവന്‍ അപഹരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴാണ് കൊവിഡിനെതിരേ ആഗോളതലത്തില്‍ കര്‍ക്കശമായ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം തൊടുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നത്.

 

ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കോവിഡിനിരയാകും. പത്ത് ലക്ഷമെന്നത് ഭീമമായ ഒരു സംഖ്യയാണെന്നും അടുത്ത പത്ത് ലക്ഷത്തിലെത്തുന്നതിന് മുമ്പ് തന്നെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവര്‍ത്തനം എല്ലാവരില്‍ നിന്നുമുണ്ടാകണമെന്നും ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

 

പല പരീക്ഷണങ്ങളും വിവിധ ഘട്ടങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തെയാകെ ഭീതിയിലാഴ്ത്തി മഹാമാരി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ നിലവിലെ മരണസംഘ്യ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. ഡിസംബറില്‍ ആരംഭിച്ച മഹാമാരിയില്‍ ലോകത്താകമാനം 9,84,068 പേര്‍ ഇതുവരെ മരിച്ചതായി എഎഫ് പിയുടെ വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെ 32,765,204 കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *