കൊള്ളക്കാരെന്ന് സംശയം, കുനോ നാഷണൽ പാർക്കിലെ ചീറ്റ ട്രാക്കിംഗ് ടീമിന് ഗ്രാമവാസികളുടെ മർദ്ദനം
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മർദനമേറ്റു. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
സംരക്ഷിത മേഖലയിൽ നിന്ന് മാറിയ ആശ എന്ന പെൺ ചീറ്റയെ കണ്ടെത്തുന്നതിനാണ് നാലംഗ സംഘം പൊഹാരി മേഖലയിലെ ബുരാഖേഡ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ എത്തിയത്. എന്നാൽ പുലർച്ചെ 4 മണിയോടെ ഇവരുടെ സാന്നിധ്യം മനസിലാക്കിയ ഗ്രാമവാസികൾ സംഘത്തെ തടഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും ചീറ്റയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പറഞ്ഞിട്ടും ഗ്രാമവാസികൾ മർദ്ദനം തുടർന്നു.
കൊള്ളക്കാരെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ വനപാലകനായ പവൻ അഗർവാളിന് പരിക്കേറ്റു. ആക്രമണത്തിൽ വനംവകുപ്പിന്റെ വാഹനവും തകർന്നു. വനപാലകർ കുനോ നാഷണൽ പാർക്ക് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രണ്ടാമത്തെ സംഘം എത്തിയാണ് ഗ്രാമവാസികളെ ശാന്തരാക്കിയത്.