സ്വർണം മറിക്കുമെന്ന ഭയം, യുവാവിന് സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ക്രൂര മർദ്ദനം
സ്വർണ്ണക്കടത്ത് സംഘം യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ ഗൾഫിൽ വച്ചാണ് സംഘം മർദ്ദിച്ചത്. പൊട്ടിക്കൽ സംഘത്തെ ഭീഷണിപ്പെടുത്താൻ ഈ ദൃശ്യങ്ങൾ സ്വർണക്കടത്ത് സംഘം പ്രചരിപ്പിച്ചിരുന്നു.
കള്ളക്കടത്ത് സ്വർണം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാതെ മറിച്ചു നല്‍കുമെന്ന സംശയത്തെ തുടർന്നാണ് മർദ്ദനം. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ച് മർദ്ദിക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന് ശേഷം യുവാവിനെ വിട്ടയച്ചു, ഇയാൾ ഇപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ട്. ഇര്‍ഷാദ് വധക്കേസ് പ്രതി നാസർ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം.
കാരിയർമാർ സ്വർണ്ണം മറിച്ച്, മറ്റ് സംഘത്തിന് കൈമാറിയേക്കുമെന്ന വിവരം സ്വർണ്ണക്കടത്ത് സംഘത്തിന് ലഭിച്ചു. ഇതോടെയാണ് മർദ്ദന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. മറ്റ് കാരിയർമാരെ ഭയപ്പെടുത്താനാണ് ദൃശ്യങ്ങൾ വൈറലാക്കിയത്. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടി കടുപ്പിക്കാൻ ഒരുങ്ങുകയാണ്.