ഹോട്ടലിൽ മുറിയെടുത്തത് സിദ്ദിഖ്; കൊലയ്ക്ക് കാരണം ഹണിട്രാപ്പോ ?
കോഴിക്കോട് മരിച്ച വ്യവസായി സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങളും ദുരൂഹതകളും ചുരുളഴിയുന്നില്ല. സിദ്ദിഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് സിദ്ധിഖാണ്. എന്തിനാണ് സിദ്ധിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തതെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. രണ്ട് മുറികളിലൊന്ന് മരുമകൾക്കാണ് എന്ന് പറഞ്ഞാണ് സിദ്ദിഖ് ബുക്ക് ചെയ്തത്. മുറിയെടുത്ത സിദ്ധിഖ് റൂം വിട്ട് പുറത്ത് പോയില്ല. ഷിബിലയും ഫർഹാനയും പലതവണ പുറത്ത് പോയിരുന്നു.
ഇത് മാത്രമല്ല ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട് അന്വേഷണ സംഘത്തിന് മുന്നിൽ. ഫർഹാനയും ഷിബിലിയും തമ്മിലുള്ള ബന്ധമെന്ത് ? ഫർഹാനയുടെ പക്കൽ നിന്ന് പാസ്‌പോർട്ട്, 16,000 രൂപ, മൊബൈൽ ഫോൺ , പൂട്ടിയ സ്യൂട്ട് കേസ് എന്നിവയാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിദ്ദിഖിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഫർഹാനയുടെ കുടുംബത്തിലേക്കും നീളുന്നുണ്ട്. ഫർഹാനയുടെ മാതാവ് ഫാത്തിമ പൊലീസ് നിരീക്ഷണത്തിലാണ്.
ഈ മാസം 22 നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദിഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്. ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ധിഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. പ്രതികളെ രാത്രിയോടെ കേരളത്തിൽ എത്തിക്കും.