Tuesday, April 15, 2025
National

സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, വെള്ളം വറ്റിച്ച് തെരച്ചിൽ; കുടിവെള്ളമില്ലാതെ ജനം

വിലകൂടിയ മൊബൈൽ ഫോൺ വെള്ളത്തിൽ വീണതിനെത്തുടർന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ അണക്കെട്ടിലെ വെള്ളം വറ്റിച്ചു. മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവിൽ മൊബൈൽ ഫോൺ കണ്ടെത്തിയെങ്കിലും ഉപയോഗശൂന്യമായി. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം. വിവരം പുറത്തുവന്നതിന് പിന്നാലെ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് വിമർശനവുമായി രംഗത്തെത്തി.

ഞായറാഴ്ച ഖേർകട്ട പാറകോട്ട് റിസർവോയർ സന്ദർശിക്കാൻ എത്തിയതായിരുന്നു ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസ്. സന്ദർശനത്തിനിടെ രാജേഷിൻ്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോൺ 15 അടി താഴ്ചയുള്ള വെള്ളത്തിലേക്ക് വീണു. ജലസേചന വകുപ്പിനെ സമീപിച്ച വിശ്വാസ് ഫോൺ വീണ്ടെടുക്കാനുള്ള വഴികൾ തേടി. വകുപ്പിൻ്റെ സഹായത്തോടെ വെള്ളം വറ്റിച്ച് ഫോൺ കണ്ടെത്താൻ തീരുമാനമായി.

പമ്പ് എത്തിച്ച് വെള്ളം വെട്ടിക്കാൻ തുടങ്ങി. ഫോൺ വീണ്ടെടുക്കാനുള്ള ദൗത്യം മൂന്ന് ദിവസം നീണ്ടുനിന്നു. ഏകദേശം ഇരുപത്തിയൊന്ന് ലക്ഷം ലിറ്റർ വെള്ളമാണ് വറ്റിച്ചത്. തിരിച്ചുകിട്ടിയെങ്കിലും വിശ്വാസിന്റെ ഫോൺ ഉപയോഗശൂന്യമായി മാറി. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്ന സമയത്താണ് അധികൃതർ ഇത്രയും വെള്ളം പാഴാക്കിയത്. സംഭവത്തിൽ പ്രതികരണവുമായി ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിംഗ് രംഗത്തെത്തി.

“21 ലക്ഷം ലിറ്റർ വെള്ളമാണ് ഉദ്യോഗസ്ഥർ മൊബൈലിനായി പാഴാക്കിയത്. ഒന്നര ഏക്കർ ഭൂമിയിലെ ജലസേചനത്തിന് ഈ വെള്ളം ഉപയോഗിക്കാമായിരുന്നു. കൊടും ചൂടിൽ ജനങ്ങൾ ആശ്രയിക്കുന്നത് ടാങ്കറുകളെയാണ്. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇവിടെ നിലനിൽക്കുന്നത്…”- രമൺ സിംഗ് ട്വീറ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *