‘ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം’; ഐക്യാഹ്വാനവുമായി പ്രിയങ്ക
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പ്രതിപക്ഷ ഐക്യത്തിന് പ്രിയങ്കാ ഗാന്ധി. ബിജെപിയെ താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നാണ് ആഹ്വാനം. ‘കര്‍ഷകരുടെ ഭൂമി മോദി സുഹൃത്തിന് നല്‍കി. തെരഞ്ഞെടുപ്പിലൂടെ ഇതിനെതിരെ പ്രതികരിക്കണം. കടുത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം’. പ്രിയങ്ക പറഞ്ഞു.
‘ഇനി കേവലം ഒരു വര്‍ഷം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. പ്രതിപക്ഷ ഐക്യമാണ് തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം ബിജെപിയുടെ നയങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന എല്ലാ ജനങ്ങളും ഒന്നിക്കണം. എല്ലാവരിലും പ്രതീക്ഷയുണ്ടെങ്കിലും കോണ്‍ഗ്രസില്‍ നിന്നാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്’. പ്ലീനറി സമ്മേളനത്തില്‍ പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
പാര്‍ട്ടിയുടെ സന്ദേശവും സര്‍ക്കാരിന്റെ പരാജയങ്ങളും ജനങ്ങളിലേക്ക് എത്തിക്കണം. പാര്‍ട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിക്കുന്നു. ബിജെപിയെ നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടെന്നറിയാം. രാജ്യത്തിന് വേണ്ടി ആ ധൈര്യം പ്രകടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’. പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. കേന്ദ്ര സര്‍ക്കാര്‍ അദാനിയുടെ രക്ഷകരാകുന്നു. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്പനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.