തെരഞ്ഞെടുപ്പിന് മുന്‍പായി മധ്യപ്രദേശില്‍ ജാതി സെന്‍സസ്; ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്
ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാതി സെന്‍സസ് നടത്തണമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ജാതി സെന്‍സസ് നടത്തേണ്ടത് അനിവാര്യമാണ്. ബിജെപി സര്‍ക്കാര്‍ എന്തിനെയാണ് ഭയപ്പെടുന്നതെന്നും എന്താണ് മറയ്ക്കാന്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമല്‍നാഥ് ചോദിച്ചു. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സംയുക്തമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി ജാതി സെന്‍സസ് വേണമെന്ന് ആവശ്യപ്പെട്ടത്.
മധ്യപ്രദേശിനെ സംബന്ധിച്ച് ജാതി വളരെ പ്രധാനപ്പെട്ടതാണ്. ബുന്ദല്‍ഖണ്ഡ് മുതല്‍ മഹാകൗശലും ഗ്വാളിയോര്‍ ചമ്പലും ഇവിടെയുണ്ട്. ഇവിടെ വംശീയവും ജാതിപരവുമായ നിരവധി വൈവിധ്യങ്ങളുണ്ട്. ജാതി സെന്‍സസ് നടത്തിയാല്‍ ഇവയിലെല്ലാം കൃത്യത വരും. ഇതിലൂടെ പിന്നാക്ക വിഭാഗത്തിന് സംവരണത്തില്‍ ന്യായമായ സ്ഥാനം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ജാതി സെന്‍സസിനെ ബിജെപി ഭയപ്പെടുകയാണ്. കാരണം അവരുടേത് ഉന്നതജാതിക്കാരുടെ പാര്‍ട്ടിയാണ്. പിന്നാക്ക വിഭാഗത്തോട് അവര്‍ കാണിക്കുന്ന അനീതി സെന്‍സസിലൂടെ പുറത്തുവരും. സംസ്ഥാനത്ത് ഒബിസിയുടെ ജനസംഖ്യ 50 ശതമാനത്തിലധികം വരുമെങ്കിലും മൊത്തം ക്വാട്ടയുടെ 27 ശതമാനം പോലും അവര്‍ക്ക് ആനുകൂല്യങ്ങളോ സംവരണമോ ലഭിക്കുന്നില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാമായണ്‍ സിംഗ് പട്ടേല്‍ പറഞ്ഞു.