Tuesday, January 7, 2025
National

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ മുതല്‍; സോണിയയും രാഹുലും പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഒക്ടോബര്‍ ഒന്നുവരെയാണ് സമ്മേളനം ചേരുക. കോവിഡ് വ്യാപനം പരിഗണിച്ച് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ചാണ് ക്രമീകരിക്കുന്നത്. ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ ആണ് സമ്മേളിക്കുന്നത്. പാര്ലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്തസമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയുമെന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുലും സമ്മേളനത്തില്‍ പങ്കെടുക്കില്ല. സോണിയാ ഗാന്ധി വാര്‍ഷിക വൈദ്യപരിശോധനകള്‍ക്കായി അമേരിക്കയിലേയ്ക്ക് പോയതിനെത്തുടര്‍ന്നാണിത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും അമേരിക്കയിലേക്ക് പോയത്.

രണ്ടാഴ്ചയോളം സോണിയ ഇന്ത്യയിലുണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും തുടര്‍ന്ന് പ്രിയങ്ക വാദ്ര അമേരിക്കയിലേയ്ക്ക് പുറപ്പെടുമെന്നുമാണ് വിവരം. ആദ്യഘട്ടത്തില്‍ പങ്കെടുക്കില്ലെങ്കിലും തിരികെ എത്തിയ ശേഷം സോണിയയും രാഹുലും പാര്‍ലമെന്റില്‍ എത്തും.

കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് എന്നിവരും വര്‍ഷകാല സമ്മേളനത്തില്‍ എല്ലാ ദിവസവും പങ്കെടുക്കാനിടയില്ല. 65 വയസിനു മുകളില്‍ പ്രായമുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *