കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; പ്രചരിക്കുന്നത് വ്യാജമെന്ന് ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് എന്നത് വ്യാജ വാര്‍ത്തയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്‌മെന്റോ സര്‍ക്കാരോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് കുറ്റകരമാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വി.ആര്‍.എസ് നടപ്പാക്കാന്‍ പോകുന്നുവെന്നും അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഇന്നലെ അറിയിച്ചു. വാര്‍ത്തകളില്‍ വരുന്നത് പോലെ നിര്‍ബന്ധിത വി.ആര്‍.എസിന് വേണ്ടി 50 വയസിന് മുകളില്‍ പ്രായം ഉള്ളവരുടേയും, 20 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവരുടേതുമായ 7200രത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആര്‍ടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും, അതിനുള്ള സാധ്യത വിദൂരമാണെന്നുമാണ് മാനേജ്‌മെന്റ് നിലപാട്.
കെഎസ്ആര്‍ടിസിയില്‍ 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് പുതിയ തീരുമാനമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ടെന്നും പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നുമായിരുന്നു പ്രചരിച്ചത്.