Thursday, January 9, 2025
National

കർഷകൻ വെടിയേറ്റു മരിച്ചു; മൃതദേഹം പോലീസ് കൊണ്ട് പോയി: യുദ്ധക്കളമായി ഡൽഹി

ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം ഇവിടെ പോലീസ് വെടിവയ്പ്പിൽ ഒരു കർഷകൻ മരിച്ചതായി സമരക്കാർ പറയുന്നു. മൃതദേഹം പോലീസ് കൊണ്ട് പോയെന്നും അവർ ആരോപിക്കുന്നു.

പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.

ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി. എന്നാൽ ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ടു നീങ്ങിയതും വലിയ സംഘർഷത്തിനു കാരണമായി.

കർഷകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ ഡൽഹിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

എന്നാൽ നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും നേതാക്കൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *