ഡൽഹി ചലോ മാർച്ച് മൂന്നാം ദിവസത്തിലേക്ക്; പിൻമാറാതെ കരളുറപ്പോടെ കർഷകർ
കാർഷിക നിയമത്തിനെതിരായ കർഷകരുടെ പ്രക്ഷോഭം ഡൽഹിയിലും പരിസര പ്രദേശത്തുമായി തുടരുകയാണ്. ഡൽഹി-ഹരിയാന അതിർത്തിയിൽ സംഘർഷാവസ്ഥക്ക് ഇപ്പോഴും അയവില്ല. ഡൽഹി ബുറാഡിയിൽ സമരത്തിന് അനുമതി നൽകാമെന്ന പോലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഡൽഹിയിൽ പ്രവേശിച്ചിരുന്നു
എന്നാൽ ജന്തർ മന്ദിറിലോ രാംലീല മൈതാനിയിലോ പ്രതിഷേധിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യമുന്നയിച്ച് ഭൂരിഭാഗം കർഷകരും ഹരിയാന അതിർത്തിയിൽ തുടരുകയാണ്. മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്
ഇന്നലെ ഹരിയാന അതിർത്തിയിൽ വെച്ച് കർഷകർക്ക് നേരെ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പോലീസിന്റെ എല്ലാ നീക്കങ്ങളെയും ശക്തമായ കർഷകർ ചെറുത്തുനിന്നു
നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ. ഒരു മാസത്തേക്കുള്ള ഭക്ഷ്യ സാധനങ്ങളുമായാണ് ഇവർ ഡൽഹി ചലോ മാർച്ചിനെത്തിയിരിക്കുന്നത്. ഡിസംബർ 3ന് ചർച്ച നടത്താമെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.