Saturday, April 12, 2025
National

12കാരൻ മുഖ്യസൂത്രധാരൻ; യു.പിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ 12കാരൻ അടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. നടന്ന സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ 12കാരനാണെന്ന് പൊലീസ് അറിയിച്ചു.

നവംബർ 22നാണ് 60കാരനായ ആക്രി വ്യാപാരി ഇബ്രാഹിം, ഭാര്യ ഹർസ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗൃ​ഹനാഥനെ വീടിനുള്ളിലും ഭാര്യയെ പുറത്തുള്ള ശൗചാലയത്തിന് സമീപം കഴുത്തിൽ തുണിമുറുക്കി കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടത്.

കുട്ടിയെ ദമ്പതികൾക്ക് അറിയാമെന്നും ഇബ്രാഹിം ആക്രി വിറ്റ് ധാരാളം പണം സ്വരൂപിച്ചിട്ടുണ്ടെന്നറിഞ്ഞ് മറ്റ് മൂന്ന് പേരെയും കൂട്ടി കവർച്ച നടത്താൻ ഇറങ്ങുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മോഷണശ്രമം ദമ്പതികളുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ കൂടാതെ മഞ്ജേഷ്, ശിവം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം പ്രതി സന്ദീപ് ഒളിവിലാണ്. ഇവരിൽ നിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും ഒരു സ്വർണ ചെയിനും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *