മലപ്പുറത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
മലപ്പുറം ചങ്ങരംകുളത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പതിനാലുകാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി എന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
14കാരിയെ പ്രണയിച്ച് പെൺകുട്ടിയുമായി വിവിധയിടങ്ങളിൽ കറങ്ങി നടന്നെന്ന പരാതിയിലാണ് 22കാരൻ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ 9ആം ക്ലാസ് വിദ്യാർത്ഥിനിയാണ് 22കാരനായ യുവാവിനെ പ്രണയിച്ച് യുവാവുമായി ചുറ്റിക്കറങ്ങിയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെയും പെൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയും യുവാവിനെതിരെ പോക്സോ ചുമത്തുകയും ചെയ്തു.
എന്നാൽ, ബന്ധുക്കൾക്കൊപ്പം വിട്ടയച്ച പെൺകുട്ടി പിന്നീട് ബന്ധുക്കൾക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തി. കൂടാതെ വീട്ടുകാർക്കൊപ്പം നിൽക്കില്ലെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ മഞ്ചേരി നിർഭയ ഹോമിലേക്ക് മാറ്റി.