24 മണിക്കൂറിനിടെ രാജ്യത്ത് 9119 പേർക്ക് കൂടി കൊവിഡ്; 396 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 396 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,45,35,763 ആയി ഉയർന്നു.
മരണസംഖ്യ 4,66,584 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ഇപ്പോൾ സജീവമായ കേസുകൾ 1,11,481 ആണ്. കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് വർധനവ്.
അതിനിടെ, ആഴ്ചതോറുമുള്ള പരിശോധനാ നിരക്കുകൾ കുറയുന്നതിലും ചില ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിലും ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം 13 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.