വിഴിഞ്ഞം സമരം; ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി
വിഴിഞ്ഞം സമരത്തിൽ സമവായ നീക്കങ്ങൾ സജീവമാകുന്നതിനിടെ ഉറപ്പുകൾ രേഖാമൂലം നല്കണമെന്ന ആവശ്യത്തിലുറച്ച് സമരസമിതി. ഏഴിൽ ആറ് ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പു ലഭിക്കുന്നതോടെ തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പിൻമാറിയേക്കും. കഴിഞ്ഞ നാല് ഞായറാഴ്ചകളിൽ സമരത്തിന് ആഹ്വാനം ചെയ്ത് പള്ളികളിൽ വായിച്ചിരുന്ന സർക്കുലർ ഇന്ന് പുറത്തിറക്കാത്തതും ലത്തീൻ അതിരൂപത മയപ്പെടുന്നതിൻ്റെ സൂചനയാണ്. അതിനിടെ മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിലെ തീരുമാനം സമരസമിതി നാളെ സർക്കാരിനെ അറിയിക്കും. ചൊവ്വാഴ്ച വീണ്ടും മന്ത്രിതല സമിതിയുമായി ചർച്ചയും നടക്കും.